സ്‌കൂൾവികൃതിയുടെ ഓർമ്മ
അച്ഛനും അമ്മയും അമ്മമ്മയും 6 സഹോദരിമാരും 2 സഹോദരന്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം..ഒന്നിനും ഒരു കുറവും അനുഭവിച്ചിട്ടില്ലാ ആ കാലങ്ങളില്‍....വളരെ സുഖകരവും രസകരവുമായിരുന്നു എന്റെ ബാല്യം. അതിനു ജന്മം നല്‍കിയ മാതാപിതാക്കളോടും ദൈവത്തോടും ആദ്യമായി നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.
സ്കൂള്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ പുതിയ പുസ്തകങ്ങളുടെയും യൂണിഫോമിന്‍റെയും കൊതിപ്പിക്കുന്ന ഗന്ധമാണ് ഓര്‍മ്മയിലോടിയെത്തുന്നത്. സ്കൂള്‍ ജീവിതത്തോട് ഇഴുകിച്ചേര്‍ന്നതാണ് ബാല്യകാലസ്മരണകള്‍ മിക്കതും. അത്രയും മധുരമുള്ള കാലം വേറെയുണ്ടോ....?. വളരെയേറെ സുഖവും സന്തോഷവും നല്‍കിയ ഒരു സുവര്‍ണകാലഘട്ടം. ജീവിതത്തിലെ വിലപ്പെട്ട സമ്മാനം. മുന്നോട്ടുള്ള ജീവിതത്തിന്‍റെ ആണിക്കല്ല്. എന്തിനാ വലുതായേ എന്നോര്‍ത്തുപോകാറുണ്ട് ഇടയ്ക്കൊക്കെ....സ്നേഹവും വാത്സല്യവും പുന്നാരവും കൊഞ്ചലും ശിക്ഷയും ഉപദേശങ്ങളും അറിവുശേഖരണങ്ങളും ഒക്കെയായി അങ്ങനെ ഒരു നിഷ്ക്കളങ്കതയുടെ, ഒരു സ്വര്‍ഗാനുഭൂതിയുടെ കാലം.
പ്രൈമറി സ്കൂളിലെ ഓര്‍മ്മകള്‍ വളരെ കുറവാണ്. എന്‍റെ പെന്‍സില്‍ ഓടിച്ചു കളയുന്ന കൂട്ടുകാരോട് പുളുവടിക്കുന്ന സ്വഭാവം ഇപ്പോഴും ഓര്‍ത്തുള്ളില്‍ ചിരിക്കാറുണ്ട് ഞാന്‍.. അച്ഛന്‍ പോലീസുകാരനാന്നും അച്ഛനെയും കൂട്ടി വരും എന്നൊക്കെ പറഞ്ഞു കുട്ടികളെ പേടിപ്പിക്കുമായിരുന്നു. കുട്ടികള്‍ ഉടനെ പെന്‍സില്‍ പുതിയത് വാങ്ങിത്തരും...അല്ലെങ്കില്‍ വീട്ടില്‍ ചെന്നാല്‍ അടിയായിരിക്കും..ഞാനല്ല, കൂട്ടുകാരാണെന്നു പറഞ്ഞാല്‍ അമ്മ സമ്മതിക്കില്ലാ. പോരാത്തതിന് എരിവുകേറ്റാന്‍ ചേച്ചിമാരും.
മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ കുറുമ്പു കാട്ടി എന്‍റെ തല കുറച്ചധികം പൊട്ടി.. അന്നെന്‍റെ അച്ഛന്‍ നെഞ്ചില്‍ ഇടിച്ചു കരഞ്ഞത് ഇന്നും ഓര്‍ക്കുമ്പോൾ അച്ഛനോട് ഒരുപാട് സ്നേഹം മനസ്സില്‍ ഊറിവരും എനിക്ക്.. അക്കാലങ്ങളില്‍ അച്ഛന്‍റെ കിലുക്കാംപെട്ടിയായിരുന്നു ഞാന്‍. പരീക്ഷയില്‍ അമ്പതില്‍നാല്പത്തിയൊന്‍പതു കിട്ടിയ ദിവസം കുട്ടികളൊക്കെ വീട്ടില്‍ പോയിട്ടും പോകാതെ സ്കൂള്‍ കോമ്പൌണ്ടില്‍ നിന്ന് കരഞ്ഞപ്പോള്‍ കാര്യം തിരക്കിയ ടീച്ചറിനെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു. വീട്ടില്‍ അമ്പതില്ലാതെ ചെന്നാല്‍ അമ്മ അടിക്കും. വീട്ടിലേക്കു പോകാന്‍ പേടിയാവുന്നു എന്ന് പറഞ്ഞപ്പോള്‍ കണ്ണീരും തുടച്ച് സ്ലേറ്റു വാങ്ങി മായ്ച്ച് അമ്പതില്‍ അമ്പതും ഇട്ടുതന്ന വിനോദിനി ടീച്ചറിനെ ഇന്നും ഓര്‍ക്കുന്നു.
കോലടിക്കളിക്കും, തിരുവാതിരക്കളിക്കും, ഡാന്‍സിനും പാട്ടിനും ഒക്കെ ചേരും. പടം വര മത്സരത്തില്‍ സമ്മാനം വാങ്ങിയപ്പോഴും ശ്രീകൃഷ്ണനായി ഡാന്‍സ് കളിച്ചപ്പോഴും എന്‍റെ അമ്മ വാരിയെടുത്ത് ഒക്കത്തുവച്ചുമ്മ തന്നതൊ ക്കെ ഓര്‍ക്കാന്‍ എന്ത് സുഖമാണിപ്പോള്‍. ഇടയ്ക്കിടെ കുറുമ്പു കാട്ടി ഹെഡ്മാഷിന്‍റെ അടിവാങ്ങുമ്പോള്‍ കൈയില്‍ പിടിച്ച് സാര്‍ പറയും എന്തു മിടുക്കിക്കുട്ടിയാ....എന്തിനാ നിനക്കിത്രേം കുറുമ്പ്...അടിക്കാന്‍തന്നെ കഷ്ടം തോന്നുന്നു എന്ന്.. അടിക്കാന്‍ കഷ്ടമാണെങ്കില്‍ അടിക്കുന്നതെന്തിനാന്നു ചോദിക്കാന്‍ തോന്നും എനിക്ക്...അപ്പോഴേക്കും അടികിട്ടിക്കഴിഞ്ഞിട്ടുണ്ടാവും. പാവം ഞാന്‍ ...അടികിട്ടിയാലൊന്നും കരയില്ലാ ട്ടോ....ഞാന്‍ പഠിച്ചു പോലീസാവും .എന്നിട്ട് സാറിനെ പെടപെടാന്നു പെടയ്ക്കണം എന്നൊരു മോഹം അപ്പമാത്രം കുഞ്ഞുമനസ്സില്‍ തോന്നും...പിറ്റേന്ന് സ്കൂള്‍ ഗേറ്റില്‍ അച്ഛന്‍റെ കൈയ്യീന്ന് സാര്‍ വന്നു കൂട്ടീട്ടുപോകുമ്പോള്‍ സാറിനോട് സ്നേഹവും വരും...ഉടനെ പെരുവാരത്തപ്പനോട് (നമ്മടെ ശിവന്‍ ചേട്ടന്‍) പറയും...ഞാന്‍ ഇനി ഒരിക്കലും അങ്ങനെ വിചാരിക്കില്ലാന്ന്. എന്നിട്ട് അടുത്ത അടികിട്ടുമ്പോള്‍ അറിയാതെ പിന്നേം വിചാരിച്ചുപോകും..ഹ..ഹ..ഹാ.. ഞാന്‍ ചെറിയ കുട്ടിയല്ലേ അന്ന്...
അഞ്ചാം ക്ലാസ്സില്‍ വേറെ സ്കൂളില്‍ ചേര്‍ത്തു. അവിടെ കാട്ടിക്കൂട്ടാത്ത കസര്‍ത്തുകളില്ലാ..ക്ലാസ്സില്‍ നന്നായി പഠിക്കും. അതോണ്ടുമാത്രം രക്ഷപ്പെട്ടു....ഒരിക്കല്‍ എന്‍റെ കുട കൊണ്ടുപോയി ഒരു ജയന്‍ ഓടിച്ചു. എനിക്കുണ്ടായ ദേഷ്യം!!!! അതുവാങ്ങി അവനെ മതിയാവോളം തല്ലി. പോരാഞ്ഞ് ഹെട്മാഷിനോട് പോയി പറഞ്ഞുംകൊടുത്തു. വീട്ടില്‍ ചെന്നാലത്തെ കാര്യമോര്‍ത്തു കരഞ്ഞും പോയി. ഒടുവില്‍ അവനെ സാര്‍ നാല് പെടപെടച്ചിട്ട് നാളെ വരുമ്പോള്‍ പുതിയ കുട കൊണ്ടുവന്ന് ഇവള്‍ക്ക് കൊടുത്തേക്കണം എന്നും പറഞ്ഞു....രണ്ടുപേരോടും ക്ലാസ്സില്‍ പോകാനും പറഞ്ഞു... ക്ലാസ്സിലേക്ക് നടക്കുന്ന നേരം എനിക്ക് ജയനോട് ഒരുപാട് സഹതാപം തോന്നി..ഞാന്‍ പറഞ്ഞു നീ കുടവാങ്ങിത്തരണ്ടാന്ന്...എന്നിട്ട് അവന്‍ ചെയ്ത കുറ്റത്തിന് എന്റെ കൈയീന്ന് ഓടിഞ്ഞുപോയി എന്നു പറഞ്ഞ് വീട്ടില്‍ അച്ഛന്റെ കൈയീന്ന് അടിയും വാങ്ങി.
ഒരിക്കല്‍ ഒരു വെള്ളിയാഴ്ച്ചദിവസം ഉച്ചയ്ക്ക് സാറ്റെണ്ണിക്കളിച്ചു. ഞാന്‍ ഒളിച്ചിരുന്നത് Sunshade ല്‍ ഇറങ്ങിയായിരുന്നു. ആ സമയം സ്കൂള്‍റോഡിലൂടെ എണ്ണയും കുഴമ്പും വാങ്ങാന്‍ ടൌണിലേക്കു പോകുകയായിരുന്ന എന്‍റെ അമ്മമ്മ ഇതുകണ്ട് എടിയേ...., കഴിവേറീടെ മോളെ അവിടുന്ന് വീണാല്‍ നിന്‍റെ പൊടിപോലും കിട്ടില്ലാ എന്നു വിളിച്ചുകൂവി..ഹെട്മാഷ് പുറത്തുവന്നപ്പോള്‍ കണ്ട കാഴ്ച സാറിനെയും ഭയപ്പെടുത്തി. മിണ്ടാതെ മുകളിലേക്കു കയറിവന്നു. നിന്‍റെ അച്ഛന് ഉത്തരം കൊടുക്കണ്ടത് ഞാനാ എന്നും പറഞ്ഞ് അന്നും കിട്ടി നല്ല പെട..... എന്‍റെ വീടുമായി നല്ല പരിചയമുള്ള സാറായിരുന്നു. അച്ഛനെ വഴിയില്‍ക്കണ്ട് ഈ വിഷയം അവതരിപ്പിച്ചിരുന്നു..വീട്ടീന്നും കിട്ടി അതിന്‍റെ പേരില്‍ നല്ല കഷായം...
ഇതേപോലെ മറ്റൊരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് ഞങ്ങള്‍ മൂന്നു കൂട്ടുകാരികള്‍ (സതി, ശ്യാമള , ഞാന്‍) ചേര്‍ന്ന് വെറുതെ ഒന്നു നടക്കാന്‍ ഇറങ്ങി. ബെല്ലടിക്കാറാകുമ്പോഴേക്കും വരാമെന്നും പറഞ്ഞ്. നടന്നു നടന്ന് ഒരു വലിയ പറമ്പിലെത്തി. അവിടെ ഈ സ്വര്‍ഗം എന്നൊക്കെ പറയുന്നതുപോലെ ഒരുപാട് പഴങ്ങളും ചെടികളും പൂക്കളും കൊണ്ട് അതിമനോഹരമായ ഒരു പ്രതീതി. പേരയ്ക്കാ, ജാമ്പയ്ക്കാ, മള്‍ബറി, ആന്തച്ച്ചക്ക, സീതാപ്പഴം, ഇലഞ്ഞിപ്പഴം, കാരയ്ക്കാ, ഇനിയും പേരറിയാത്ത കുറെ പഴങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ പൊട്ടിച്ചും തിന്നും കണ്ടും അങ്ങനെ നടന്നു...
സ്കൂളൊക്കെ ഞങ്ങളുടെ മനസീന്നു പോയിരുന്നു..ഒരോര്‍മ്മയും ഉണ്ടായിരുന്നില്ലാ...കുറെക്കഴിഞ്ഞപ്പോള്‍ സതിയാണ് ഓര്‍മ്മിപ്പിച്ചത്. സമയം ഒരുപാടായി.നമുക്ക് മടങ്ങാം എന്ന്..വഴി നോക്കിയിട്ട് കാണുന്നുമില്ലാ. എങ്ങോട്ടാണ് പോകേണ്ടതെന്നൊരു നിശ്ചയവും കിട്ടുന്നില്ലാ.. കരച്ചിലിന്‍റെ വക്കോളമെത്തി ഞങ്ങള്‍ മൂന്നുപേരും.
അങ്ങനെയിരിക്കുമ്പോള്‍ ക്ലാസ്സിലെ പുറകിലെ ബഞ്ചില്‍ ഇരിക്കാറുള്ള ഒരു വലിയ ആണ്‍കുട്ടി (തീര്‍ത്ഥന്‍) വരുന്നു. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഞങ്ങള്‍ മൂന്നുപേരുംകൂടി ഓടുകയായിരുന്നു അവന്റെ അടുത്തേക്ക്. അവനെ കെട്ടിപ്പിടിച്ച് അന്ന് കരഞ്ഞുപോയി.. അവന്‍ പറഞ്ഞു പലരും പല സ്ഥലങ്ങളിലേക്ക് പോയിരിക്കുകയാണ് നിങ്ങളെ തേടി..സാറുമ്മാരൊക്കെ പേടിച്ചിരിക്കയാണ്..ഞാനും ഈ വശത്തേക്ക് നിങ്ങളെ അന്വേഷിച്ചിറങ്ങിയതാണ് എന്നൊക്ക.. ഞങ്ങള്‍ക്ക് അവനെക്കണ്ട ആശ്വാസം ആയിരുന്നു. സ്കൂളില്‍ എത്തിയപ്പോള്‍ ആരും ഒന്നും പറഞ്ഞില്ലാ, തല്ലിയില്ലാ, ഞങ്ങൾ പേടിച്ചതുപോലെയൊന്നും ഉണ്ടായില്ലാ. പ്രതീക്ഷിച്ച ശകാരങ്ങളോ അടിയോ ഒന്നുംതന്നെ ഉണ്ടായില്ലാ. ഇന്നും പിടികിട്ടാതെ മനസ്സില്‍ കിടക്കുന്ന ഒരു ചോദ്യമാണ് അത്..പക്ഷെ ആരോടും ചോദിക്കാന്‍ സാധിക്കില്ലാ. കാരണം ഇന്നുവരെ ഈ സംഭവം ഒരു രഹസ്യമായിരുന്നു. എന്‍റെ ഒരുപാട് വിഡ്ഢിത്തങ്ങളുടെ കൂടാരമായിരുന്നു സ്കൂളും വീടും ഒക്കെ ആ കാലങ്ങളില്‍. ഓര്‍ത്തെടുത്താല്‍ ഇനിയും കിട്ടും എഴുതാന്‍...തല്‍ക്കാലം നിര്‍ത്തട്ടെ.. നിങ്ങള്‍ക്കൊക്കെ ബോറാകില്ലേ.. ഇതിലും കൂടുതല്‍ എഴുതിയാല്‍.. ഇതുതന്നെ ഓവറായിപ്പോയോന്നൊരു സംശയം ഇല്ലാതില്ലാ...വരില്ലാന്നറിയാം....എന്നാലും ആശിച്ചുപോകുന്നു ...ഈ കാലം ഒന്നൂടെ തിരിച്ചുവന്നെങ്കില്‍....!
ഏവര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്,
സസ്നേഹം,
ദേവി കെ പിള്ള...

Comments
Post a Comment