
എന്റെ ഈ കൊച്ചുജീവിതത്തില്‍ മധുരമായൊരു കുഞ്ഞുപ്രണയം എനിക്കും ഉണ്ടായിരുന്നു. എന്‍റെ കടിഞ്ഞൂല്‍ പ്രണയത്തിന്റെ വിതകള്‍ വീണു മുളച്ചത് ഒരു തെരുവീഥിയിലായിരുന്നു..
ഇന്നും അതാലോചിച്ചാല്‍ എനിക്ക് അത്ഭുതമാണ്. പ്രണയത്തിലെ ‘പ്ര’ എന്നു പോലും മുഴുവന്‍ ചിന്തിക്കാന്‍ ധൈര്യ മില്ലാത്ത കാലം. വലിയ കര്‍ശ്ശനക്കാര നായിരുന്ന അച്ഛന്റെ മൂന്നാമത്തെ പെണ്‍കുട്ടിയായിരുന്നു ഞാന്‍.. എന്താണ് ഈ പ്രണയം എന്നൊന്നും വലിയ പിടിയുണ്ടായിരുന്നില്ല എങ്കിലും കൌമാരം മൊട്ടിട്ട കാലങ്ങളില്‍ എന്നിലും പ്രണയത്തിന്റെ നാമ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങിയത് ഞാനറിഞ്ഞിരുന്നു. ചന്തമുള്ള ആണ്‍കുട്ടികളുടെ കുസൃതിക്കണ്ണുകളില്‍ ഉടക്കിനിന്നിരുന്ന ഒരു സുന്ദരകാലം പുറമേ ദേഷ്യവും വിരോധവും കാണിച്ചുകൊണ്ട് ഉള്ളിന്റെഉള്ളില്‍ ഞാനും ആസ്വദിച്ചിരുന്നു. പലരും പ്രേമലേഖനങ്ങള്‍ വച്ചുനീട്ടിയിട്ടും ഉണ്ട് ആ കാലങ്ങളില്‍... ഒരു കത്തുപോലും കൈനീട്ടിവാങ്ങാന്‍ ആയില്ലല്ലോ എന്നോര്‍ത്ത് നിരാശപ്പെട്ടിട്ടും ഉണ്ട്.. അതെങ്ങനെയാ. നിറഞ്ഞ കൌമാരത്തിന് കടിഞ്ഞാണ്‍ എന്നപോലെ വില്ലന്‍റെ രൂപത്തില്‍ മനസ്സിന്റെ തിരുമുറ്റത്ത് എന്‍റെ അച്ഛന്‍ പ്രത്യക്ഷപ്പെടുമായിരുന്നു അപ്പോഴൊക്കെ.
വല്ലാത്ത നഷ്ടബോധത്തോടെ അങ്ങനെ നടക്കുന്ന കാലത്താണ് ഒരു സുമുഖന്‍ വിവാഹാഭ്യര്‍ത്ഥനയോടൊപ്പം പ്രണയയോഫറുമായി എന്‍റെ കൗമാരത്തിന്റെ സര്‍ഗ്ഗകവാടം കടന്നെത്തിയത്.
എങ്ങനെയെന്നോ....?
എങ്ങനെയെന്നോ....?
ശരിക്കും ഒരു തിരക്കഥയുടെ പശ്ചാത്തലംപോലെ അന്നെന്റെ പ്രണയത്തിന്റെ വിതകള്‍ വീണു മുളച്ച ആ പ്രണയവാടിക ഇന്നും എനിക്കൊരു മലര്‍വാടിയാണ്... മനോഹരമായ വര്‍ണ്ണപുഷ്പങ്ങളെക്കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ഒരു പൂന്തോട്ടം. അമ്മവീട്ടിലേയ്ക്കുപോകുമ്പോള്‍ ഇന്നും ആ സ്ഥലം മധുരമുള്ള പഴയ ഓര്‍മ്മകളിലേയ്ക്ക് എന്നെ മാടിവിളിക്കാറുണ്ട്.
ഞാനറിഞ്ഞില്ല ശരിക്കും വളരെ രസകരമായ ഒരു പെണ്ണുകാണല്‍ ആയിരുന്നു ആ വീഥിയില്‍ അന്ന് നടന്നത് എന്ന്. ...എന്നോട് സംസാരിച്ചുകഴിഞ്ഞപ്പോള്‍ ശരിക്കും എന്റെ വീടായിരുന്നു ആ ചെറുപ്പക്കാരന് അറിയേണ്ടിയിരുന്നത് എന്ന് എനിക്കുതന്നെ ഫീല്‍ ആകാന്‍ തുടങ്ങിയിരുന്നു. വളരെ ചുരുക്കി ഞാന്‍ ആ സംഭവം ഇവിടെ പറയാം.
പ്രീഡിഗ്രി കഴിഞ്ഞ് ഞാന്‍ ടൈപ്പ് പഠിക്കാന്‍പോകുന്ന കാലം...സമയ..3 മണി വഴിയില്‍ ആരുമില്ലാതെ കുറച്ചു ഭയത്തോടെ നടന്നുവരികയായിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാന്‍ കൂടെക്കൂടെ തിരിഞ്ഞുനോക്കിയിരുന്നു... അങ്ങനെ ഒരിക്കല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ 2 ആണുങ്ങളും ഒരു വലിയമ്മയും വരുന്നതു കണ്ടു... അവര്‍ അടുത്തെത്താന്‍ കണക്കാക്കി കുറച്ചു പതുക്കെ നടന്നു. അവരില്‍ രണ്ടുപേരും എനിക്ക് പരിചയമുള്ളവരായിരുന്നു. പക്ഷെ, അവര്‍ക്ക് എന്നെ അറിയില്ലായിരുന്നു.
ഒരു നാല്‍ക്കവല എത്തിയപ്പോള്‍ അവര്‍ എന്‍റെ അച്ഛന്റെ പേരു പറഞ്ഞിട്ട് അദ്ദേഹത്തിന്‍റെ വീട് ഇവിടെ അടുത്താണ്. ഇവിടുന്ന് എങ്ങോട്ടുള്ള വഴിയിലേയ്ക്കാണ് തിരിയേണ്ടതെന്നൊരു സംശയം. മോള്‍ക്ക് അറിയാമോ. എന്ന് ചോദിച്ചു. എനിക്ക് മനസ്സില്‍ ഒരു കുസൃതിതോന്നി. ഞാന്‍ പറഞ്ഞു അറിയാം. എന്‍റെ കൂടെ വന്നോളൂ... ഞാന്‍ കാണിച്ചുതരാം. എന്നാണു അപ്പോള്‍ പറയാന്‍ തോന്നിയത്. പിന്നെ ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. കുഞ്ഞിലേ ഒരു വായാടിയായിരുന്ന ഞാന്‍ ആ ചെറുപ്പക്കാരന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉരുളയ്ക്കുപ്പേരിയെന്നപോലെ ഉത്തരങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു... അതിനിടയ്ക്ക് കുറെപ്രാവശ്യം എന്നോട് ചോദിച്ചു കുട്ടീടെ വീട് എവിടെയാ എന്ന്... അവിടെയടുത്താണെന്നു പറഞ്ഞ് ഞാന്‍ വേറെ വര്‍ത്തമാനങ്ങള്‍ പറയും.
അങ്ങനെ അവരെയും കൂട്ടി ഞാന്‍ എന്‍റെ വീടുവരെ ചെന്നിട്ട് ഇതാണ് നിങ്ങള്‍ ചോദിച്ച ആ വീട് എന്നുപറഞ്ഞുകൊണ്ട് വീടിന്‍റെ പുറകിലേയ്ക്ക് നടന്നു. അപ്പോഴും ആ ചെറുപ്പക്കാരന്‍ ചോദിച്ചു കുട്ടീടെ വീട് എവിടെയാ എന്ന്. ഇവിടെയടുത്തുതന്നെയായെന്നും പറഞ്ഞ് ഞാന്‍ അടുക്കളയിലൂടെയാണ് അകത്തുകടന്നത്...
പിന്നെ അവിടെ അരങ്ങേറിയ സംഭവങ്ങളില്‍ ഒരു നല്ല സിനിമയ്ക്കുള്ള വകയുണ്ടായിരുന്നു.
എന്തായാലും ചായസല്‍ക്കാരവും പെണ്ണുകാണലും ഒക്കെ കഴിഞ്ഞു അവര്‍ പോയിക്കഴിഞ്ഞപ്പോള്... എന്‍റെ അമ്മയും അമ്മമ്മയും പറഞ്ഞു, ഒരു നാണമില്ലാത്ത ചെറുക്കന്‍ എന്ന്. ചുരുക്കിപ്പറഞ്ഞാല്‍ പെണ്ണായി മുന്നിലെത്തിയത് ഞാന്‍തന്നെ എന്ന് കണ്ട് പുള്ളി ശരിക്കും ഞെട്ടിയെന്നാ പറഞ്ഞത് അവിടുത്തെ പെണ്ണിനെ ഇഷ്ടായില്ലാ എന്നും പറഞ്ഞു എന്റെ വീട് അന്വേഷിച്ചു പുറപ്പെടാനിരിക്കുകയായിരുന്നു എന്ന് എന്‍റെ ഒരു ചോദ്യത്തിനുത്തരമായി പിന്നീടൊരിക്കല്‍ പറയുകയുണ്ടായി.
മൂത്ത രണ്ടു കുട്ടികള്‍ ഇരിക്കുന്നു.. അവള്‍ കുട്ടിയാണ്. ഇപ്പോള്‍ അവളുടെ വിവാഹം സാദ്ധ്യമല്ല എന്നൊക്കെ അച്ഛന്‍ പറഞ്ഞു എങ്കിലും അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി അച്ഛന്‍ സമ്മതിക്കുകയായിരുന്നു...
വിവാഹത്തിന് സമ്മതം മൂളിയ അച്ഛനും അമ്മയും ഒരുപാട് എതിര്‍ത്തുനോക്കി കത്തെഴുതാനുള്ള കക്ഷിയുടെ ആഗ്രഹത്തെ... നായകനുണ്ടോ സമ്മതിക്കുന്നു. വീട്ടിലെ സാഹചര്യം അച്ഛനെയും അമ്മയെയും കൊണ്ടത് സമ്മതിപ്പിച്ചു. കാരണം 7 പെണ്മക്കളുടെ ഭാവി ഓര്‍ത്ത് നിരന്തരം തലവേദനയ്ക്കടിമയായ അമ്മയുടെ മന:ശാന്തി അച്ഛന് ആ സമയം അത്യന്താപേക്ഷിതം. നായകന്റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങാതെ തരമില്ലാതെയായി. അങ്ങനെ കര്‍ശ്ശനക്കാരനായ അച്ഛന്റെ ഈ മകള്‍ ഒരുവര്‍ഷം (ജാതകത്തില്‍ പറഞ്ഞതുപോലെ ഒരു കാമുകിയായി) വേണ്ടപ്പെട്ടവരുടെ അനുവാദത്തോടെ കൊണ്ടുപിടിച്ച പ്രണയം അനുഭവിച്ചു എന്ന് പറയാം... ഒരു വെടിക്ക് രണ്ടു പക്ഷി. പേടിയില്ലാ., പരിഭ്രാന്തിയില്ലാ... ആരെയും ഒളിക്കണ്ടാ... സര്‍വ്വത്ര സ്വാതന്ത്ര്യം. എന്നാലും ഒളിച്ചു പ്രേമിക്കുന്നതിലുള്ള സുഖം എങ്ങനെയാണാവോ...അതറിയാത്തൊരു ഖേദം ഇടയ്ക്കിടെ മനസ്സിനെ അലട്ടാറുണ്ട്....ഹി...ഹി...ഹി.. അഹങ്കാരം ...അല്ലാണ്ടെന്താ.? ...
അദ്ദേഹത്തിന്റെ 3 കത്തുകള്‍ വന്നശേഷമാണ് ഞാന്‍ ഒരു മറുപടി ആദ്യമായി എഴുതിയത്. അതും അമ്മയുടെ ശകാരം കേട്ടശേഷം. പുള്ളി അവര്‍ക്കെഴുതിയിരിക്കുന്നു പരാതി.. ഞാന്‍ മറുപടി എഴുതുന്നില്ല എന്ന്. ഒരുകെട്ട് ഇന്‍ലന്റുമായി അമ്മ വന്നു മുന്നില്‍., “.അക്ഷരം പഠിപ്പിച്ചിട്ടില്ലേ ...കത്തയച്ചാല്‍ കെട്ടാന്‍ പോകുന്നവന് എന്തെങ്കിലും നാലക്ഷരം എഴുതിവിട്ടൂടെ” എന്നൊരു കേമിക്കല്‍... ഞാന്‍ ആകെ കുഴങ്ങി... എന്താണ് സംബോധനചെയ്യേണ്ടതെന്ന ഒരു ധാരണപോലും എനിക്കില്ലായിരുന്നു അന്ന്...
സംബോധനയുടെ സ്ഥലം ഒഴിച്ചിട്ട് എനിക്കിതൊന്നും അറിയില്ലാ എന്ന് മാത്രം എഴുതിയ ഒരുവരിപ്രണയലേഖനം ആണ് ഞാന്‍ എന്‍റെ കാമുകന് ആദ്യമായി നല്കിയത്. അങ്ങനെയാണ് കടിഞ്ഞൂല്‍ പ്രണയലേഖനം എഴുതിത്തുടങ്ങിയത്... അതിനു മറുപടിയായി എല്ലാം ഞാന്‍ പഠിപ്പിക്കാം എന്നൊരു കത്ത്. ഉപന്യാസം എഴുതുമ്പോലെ ഒരു തരിയിടംപോലും ബാക്കിവയ്ക്കാതെയുള്ള ഒരു കത്ത്. അത്ഭുതം തോന്നി... പിന്നെപ്പിന്നെ ഞാനും അദ്ദേഹത്തിനുള്ള ഉത്തരങ്ങള്‍ എഴുതിഎഴുതി പ്രണയലേഖനം എഴുതാന്‍ പഠിച്ചു എന്ന് പറയുന്നതായിരിക്കും ശരി.
വിവാഹത്തിന് മുന്‍പ് ആശയോടെ സംസാരിച്ചുകൊണ്ടിരുന്ന ആളോട് ഒന്നുപോകാമോ എന്നാ ഞാന്‍ ആദ്യമായി ഒന്ന് സംസാരിച്ചത്. ഉടനെ പോകുകയും ചെയ്തു. ഇന്നോര്ത്താല്‍ പാവം തോന്നും... വിവാഹത്തിന് മുന്‍പ് വീണ്ടും കാണണം എന്ന തോന്നലില്‍ ലീവിന് വരികയും പല സ്ഥലങ്ങളിലെയ്ക്ക് വിളിക്കുകയും ചെയ്തു ഞാന്‍ ചെല്ലാതായപ്പോള്‍... വീട്ടില്‍ വരികയും പഠിക്കാന്‍ പോകുമ്പോള്‍ പുറകെ ഇന്‍സ്ട്ടിട്ട്യൂട്ടുവരെ കൂടെ നടന്നു വരികയും ഒക്കെ ചെയ്തിരുന്നു..
എനിക്ക് ഒരുതരം വിറയല്‍ ആയിരുന്നു അദ്ദേഹത്തെ കാണുമ്പോഴൊക്കെ. ഒന്നും മിണ്ടാതെയാകുമ്പോള്‍ എന്നോട് ചോദിക്കും കത്തില്‍ അങ്ങനെയൊക്കെ എഴുതുന്ന ആളുടെ നാവെവിടെപ്പോയി എന്ന്. അതൊക്കെ ഈ നാവില്‍നിന്നു കേള്‍ക്കാനല്ലേ വന്നത് എന്നൊക്കെ പറയുമായിരുന്നു... എനിക്കെന്തോ ഒരു പേടിയായിരുന്നു സംസാരിക്കാന്‍.. .പട്ടാളക്കാരനല്ലേ...
ഞാന്‍ ടൈപ്പിംഗ് ക്ലാസ്സ് കഴിഞ്ഞു വരുമ്പോള്‍ ആവേശഭരിതമായ, കോരിത്തരിപ്പിക്കുന്ന വരികളാല്‍ നിറച്ച പ്രണയലേഖനങ്ങള്‍ എന്നും എന്നെയും കാത്തിരിക്കുമായിരുന്നു എന്‍റെ വീടിന്റെ ഉമ്മറക്കോലായിലെ H ആകൃതിയിലുള്ള തൂണിന്റെ വിടവില്‍.. ദൂരത്തെ സ്വന്തക്കാരനായ പോസ്റ്റുമാന്‍ ഒരുദിവസം ചോദിച്ചു, “നിന്‍റെ ആള്‍ക്ക് പട്ടാളത്തില്‍ ഈ കത്തെഴുത്തല്ലാതെ വേറെ പണിയൊന്നും ഇല്ലേ ടീ കൊച്ചെ....” ഞായറാഴ്ച മാത്രം കക്ഷിയുടെ കത്തില്ലാതിരിക്കുകയുള്ളൂ...അതാ കാര്യം. പോസ്റ്റുമാനെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യോമുണ്ടോ..?
വിവാഹശേഷവും അങ്ങനെതന്നെ... അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്നു പോസ്റ്റുമാന്‍. കത്തില്ലാതിരുന്ന ഒരു നാള്‍ അയാള്‍ അറിയാതെ വീടിന്റെ മുന്നില്‍വന്നു ബെല്ലടിച്ചു. ഞാനോടിച്ചെന്നപ്പോള്‍ ഇന്ന് കത്തില്ലാന്നു പറയാന്‍ വന്നതാന്നു പറഞ്ഞു കളിയാക്കി... അവനിങ്ങു വരട്ടെ... ഞാന്‍ ചോദിക്കുന്നുണ്ട് പട്ടാളത്തില്‍ അവനു വേറെ പണിയൊന്നും ഇല്ലേ എന്ന് എന്നും പറഞ്ഞു ചിരിച്ചുകൊണ്ടൊരു പോക്ക്.
പെങ്ങന്മാര്‍ക്കു കൊലുസു വാങ്ങിക്കൊടുക്കുമായിരുന്ന അദ്ദേഹം എന്നെ പാദസരം അണിയരുതെന്നു വിലക്കിയിരുന്നു. കാരണം ചോദിച്ചപ്പോള്‍, പെങ്ങന്മാര്‍ വരുന്നതും ഞാന്‍ വരുന്നതും തിരിച്ചറിയാനാണ് എന്ന് പറഞ്ഞു..
എന്നെക്കൂടാതൊരു ലോകം ഇല്ല അദ്ദേഹത്തിന് എന്ന് പലവുരു പറഞ്ഞിട്ടുണ്ട്. ഇന്നും എനിക്കത് ഫീല്‍ ആകുകയും ചെയ്യുന്നുണ്ട്... ഏട്ടന്‍ പറയും ഞാന്‍ അദ്ദേഹത്തിന്റെ ഭാഗ്യമാണെന്ന്... ഞാന്‍ പറയുന്നു അദ്ദേഹത്തെ കിട്ടിയതാണ് എന്റെ ഈ ജന്മത്തെ ഭാഗ്യം എന്ന്... മക്കള്‍ക്ക് പഠിപ്പല്ലാതെ മറ്റൊന്നും നല്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കുടുംബപശ്ചാത്തലം അങ്ങനെയായിരുന്നു.. എനിക്കും മക്കള്‍ക്കും അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥമായ സ്നേഹം വേണ്ടുവോളം വാരിക്കോരി നല്കിയിട്ടുണ്ട് ഇന്നോളം... മക്കള്‍ രണ്ടാളും കൂടി ഞാന്‍ ജനിച്ച നാട്ടില്‍ ഒരു വീടുണ്ടാക്കിത്തന്നു. സര്‍വ്വസൌകര്യങ്ങളോടെ... അതില്‍ സസന്തോഷം ജീവിക്കുന്നു... മനസ്സില്‍ തോന്നുമ്പോള്‍ മക്കളുടെ അടുത്ത് പോകുന്നു. തിരിച്ചുവരുന്നു... രണ്ടുപേരും ഒരുപാട് ശ്രമിക്കുന്നുണ്ട് അവരുടെ കൂടെ താമസിപ്പിക്കാന്‍. ഞങ്ങള്‍ കേരളത്തിലെ ജീവിതം ഇഷ്ടപ്പെടുന്നു. എന്ന ഒരേ കാരണത്താല്‍ അനുവദിച്ചിരിക്കുന്നു. കുറേക്കൂടി വയസ്സാകട്ടെ എന്നിട്ട് വരാം. എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നു അവരെ ഞങ്ങള്‍...
നവതലമുറയുടെ ഏതാനും വീക്നസ്സുകള്‍ ബാധിച്ചിട്ടുണ്ടെങ്കിലും ജനിപ്പിച്ച മാതാപിതാക്കളെ ഭാരമായി കാണുന്ന മക്കള്‍ ഉള്ള ഈ ലോകത്ത് മത്സരിച്ചു ഞങ്ങള്‍ക്കു വേണ്ടതെല്ലാം ചെയ്യുന്ന സ്നേഹം വറ്റാത്ത രണ്ടു മക്കള്‍ ഉണ്ട്... അതാണ് ഞങ്ങളുടെ രണ്ടാളുടെയും ജന്മസുകൃതം.. .എല്ലാത്തിനും അപ്പപ്പോള്‍ത്തന്നെ ഈശ്വരനോട് നന്ദിയും അറിയിക്കാറുണ്ട്....
ഓരോ പ്രഭാതങ്ങളും ഉണരുവാന്‍ സുഖമുള്ള കാലം.... വര്‍ണ്ണക്കനവുകളാല്‍ നിറഞ്ഞ നിമിഷങ്ങള്‍... എല്ലാം സ്വാര്‍ത്ഥമായി നന്നായി എന്ജോയ്ചെയ്തു അന്നെന്റെ പ്രായം.. ഇക്കാര്യത്തില്‍ ഞാന്‍ ഒരുപാടു ഭാഗ്യവതിയാണ് എന്ന് ഞാന്‍ സ്വയം പറയുന്നു... ആ സുഖമുള്ള പ്രഭാതയോര്‍മ്മകള്‍ എന്നെ തഴുകുന്നതിനാലായിരിക്കാം ഓരോ പ്രഭാതങ്ങളും ഇന്നും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്... അത് എന്‍റെ FB TIMELINE നോക്കിയാല്‍ നീങ്ങള്‍ക്ക് മനസ്സിലാകും....
എന്‍റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം... ഞങ്ങള്‍ 19 തിലും 23ലും ആരംഭിച്ച ഞങ്ങളുടെ പ്രണയം മാറ്റു കുറയാതെ ഈ 59 ലും 63 ലും പൂത്തുതളിര്‍ത്തു നില്ക്കുന്നു എന്നുതന്നെ പറയാം. ഇടയ്ക്കിടെ എത്തിനോക്കിയ കയ്പേറിയ നിമിഷങ്ങളെപ്പോലും ഈ ആത്മാര്‍ത്ഥപ്രണയം കൊണ്ടാണ് ഞങ്ങള്‍ നേരിട്ടത് എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്... അത്രയ്ക്ക് ശക്തിയുണ്ട് ആത്മാര്‍ത്ഥപ്രണയത്തിന്... അത് സത്യമാണ് എന്നതിന് ഉദാഹരണം ആണ് ഞങ്ങളുടെ ജീവിതം.
ആത്മാര്‍ത്ഥപ്രണയത്തിനു മരണമില്ലാ... ഉണ്ടാവരുത് ഒരിക്കലും... പ്രണയത്തിനു മരണമുണ്ടായാല്‍പ്പിന്നെ ഈ ലോകത്തിന്‍റെ നിലനില്പ്പുതന്നെ അവതാളത്തിലാകില്ലേ...?

ഇങ്ങോട്ടെങ്ങും ആരെയും കണ്ടില്ലല്ലൊ. ബ്ലോഗ് ചിന്ത ഡോട് കോമിലൊന്നും പരസ്യപ്പെടുത്തിയില്ലെ
ReplyDelete