മഴയോര്‍മ്മകൾ
മഴയെ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ലാ. വാനത്തില്‍ ഇടിവെട്ടിമഴപെയ്യുമ്പോള്‍ മനസ്സിനകത്ത് ശരിക്കും തുടികൊട്ടാണ്. മഴയെ ഞാന്‍ ഒരുപാടിഷ്ടപ്പെടുന്നു. വലിയ ആരവത്തോടെ മഴപെയ്യുമ്പോള്‍ മനസ്സില്‍ ഉത്സവത്തിന്റെ പ്രതീതിയാണ്. സൗമ്യമായി അതുപെയ്യുമ്പോള്‍ താരാട്ടിന്റെയീണവും. ചന്നംപിന്നം ചാറുന്ന പൊടിമഴപോലും എന്നെ ഉല്ലാസവതിയാക്കാറുണ്ട്. തുള്ളിത്തുള്ളിപ്പെയ്യും മഴത്തുള്ളികള്‍ക്കൊപ്പം അവയേക്കാള്‍വേഗത്തില്‍ തുള്ളിച്ചാടാന്‍ അന്നും ഇന്നും എന്നും എനിക്കുകൊതിയാണ്.
ചെറുപ്പത്തില്‍ മഴ എനിക്കൊരു അത്ഭുതമായിരുന്നു. ദൈവം മുകളില്‍ കുളിക്കുമ്പോള്‍ വീഴുന്നവെള്ളമാണോ എന്ന് അച്ഛനോടും അമ്മയോടും ഒക്കെ ചോദിച്ചിരുന്നു എന്നും അതിനുത്തരമായി എന്റെ മൂത്തസഹോദരന്‍, “അല്ലെടീ അതു ദൈവം മൂത്രമൊഴിക്കുന്നതാ” എന്നുപറഞ്ഞു കളിയാക്കുമായിരുന്നു എന്നും എന്റെ അമ്മമ്മപറഞ്ഞുകേട്ടിട്ടുണ്ട്.
പിന്നെ മഴയെകാണുമ്പോള്‍ ആഹ്ലാദകരമായി മനസ്സിലേക്കോടിവരുന്നത് തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കുടചൂടി സ്കൂളില്‍പോകുന്നതും വഴിയോരത്തില്‍ കെട്ടിക്കിടക്കുന്നവെള്ളത്തില്‍ കാലുകൊണ്ട് പടക്കംപൊട്ടിക്കുന്നതുമായ രസകരമായ ഓര്‍മ്മകളാണ്. ഇതിന്‍റെ കൂടെയോര്‍ക്കാന്‍ വേറെയൊരു സംഭവമുണ്ട്. എന്‍റെ ഏറ്റവുംപ്രിയപ്പെട്ട കൂട്ടുകാരി ഞങ്ങളുടെ പറമ്പില്‍ വേലചെയ്യുന്ന ആളുടെ മോളാണ്. അവള്‍ക്കു കുടയില്ലാ. നിത്യവും എന്റെുബുക്കുകള്‍ അവള്പിടിക്കും; ഞാന്‍ അവള്‍ക്കു കുടചൂടും. അമ്മ അരുതെന്നുപറയും. ഞാന്‍ കൂട്ടാക്കാറില്ലാ. അങ്ങനെ രസകരമായി വീടുവരെയെത്തും. അവളുടെതോളില്‍ കയ്യിട്ടുവന്നകുറ്റത്തിന് കുളിച്ചിട്ടേ വീട്ടില്‍കയറ്റൂ. വീട്ടില്‍ മുതിര്‍ന്നവരുടെ ഒരു അന്ധവിശ്വാസം. ഒടുക്കത്തെമടിയാ കുളിക്കാന്‍. എന്നാലും അവളെ കുടയില്‍ നിറുത്താതിരിക്കില്ലാ ഒരിക്കല്‍പ്പോലും. അമ്മയും പറഞ്ഞുപറഞ്ഞുമടുത്തു. ചിലകാര്യങ്ങള്‍ പണ്ടേ അങ്ങനെയാ. ആരുപറഞ്ഞാലും എന്റെമനസ്സില്‍ തോന്നണം. എന്നാലേ ഞാന്‍ അനുസരിക്കൂ. അടിയൊക്കെകിട്ടും. എന്നാലും..
വേറെയുമുണ്ട് രസകരമായ ഓര്‍മ്മകള്‍. വീടിന്റൊ തെക്കോര്‍ത്ത് തോടുണ്ട്. മഴക്കാലത്തുമാത്രമേ വെള്ളംനിറയൂ. വെള്ളത്തില്‍ മീനുണ്ടാവും. ചേട്ടനുംഞാനും മീന്പിടിക്കാനൊരുപോക്കുണ്ട്.. ചേട്ടന്‍പിടിക്കുന്ന മീന്‍, കുടത്തിലെ വെള്ളത്തിലിട്ടുകൊണ്ട് ഞാന്‍ പുറകേനടക്കുന്നത് ഇന്നലെകഴിഞ്ഞതുപോലെ മനസ്സില്‍ ഇടയ്ക്കിടെ തെളിഞ്ഞുവരുന്ന ഓര്‍മ്മകളാണ്. പുറത്തിട്ടുതന്നെ വേവിച്ചുകഴിക്കണം. അമ്മ അകത്തേക്കുകയറ്റാന്‍ സമ്മതിക്കില്ലാ. അതുപോലെ കടലാസ്സുകപ്പലുണ്ടാക്കി തോട്ടിലെ ഒഴുക്കിലിട്ട് ഒരോട്ടമാ കലുങ്കിലേക്ക്; ആരുടെകപ്പലാ മുന്നിലെത്തിയതെന്നുനോക്കാന്‍. മുറ്റത്തുകെട്ടിക്കിടക്കുന്ന വെള്ളത്തിലും കപ്പലുണ്ടാക്കിക്കളിച്ച് തല്ലുപിടുത്തമായി ഒടുവില്‍ അടിവാങ്ങിയേ അകത്തേക്കുകയറൂ.
ഞങ്ങള്‍ ഏഴു സഹോദരിമാരും രണ്ടു സഹോദരന്മാരും ഉണ്ട്. പുറത്തു നല്ല ഇടിവെട്ടി മഴപെയ്യുമ്പോള്‍ അമ്മ കടലമുളപ്പിച്ചുവറുത്തതും കപ്പലണ്ടി മണലിലിട്ടുവറുത്തതും ചീടയും ഒക്കെ ഉണ്ടാക്കിത്തരും. എല്ലാരും ചേര്ന്നിരുന്ന് അതൊക്കെ കൊറിക്കുവാന്‍ ഒരു പ്രത്യേക സുഖംതന്നെയായിരുന്നു. ഇന്നതൊക്കെ ഓര്‍ക്കാനും.
സ്കൂളവിട്ടുവന്നാല്‍ കടയില്പോകുന്നത് എന്‍റെ ഡ്യൂട്ടിയായിരുന്നകാലം. അടുത്ത വീട്ടിലെ സുഷമ, വൃന്ദ, രാഗിണി, സുനഭ എല്ലാരും കൂട്ടുകൂടിയുള്ള അന്നത്തെ കടയില്പ്പോക്ക് രസകരമായിരുന്നു. ഒരിക്കല്‍ വര്‍ത്തനമാനത്തിന്‍റെ ലഹരിയില്‍ കൈയിലിരുന്ന രൂപാ നോട്ട് മടക്കിമടക്കി വളരെ കുഞ്ഞായപ്പോള്‍ അത് ഏതോ ഓര്‍മ്മയില്‍ എവിടെയോ വലിച്ചെറിഞ്ഞു. കടയില്‍ചെന്ന് സാധനങ്ങളൊക്കെ എടുത്തശേഷം കടക്കാരന്‍ ചെല്ലപ്പന്‍ചേട്ടന്‍ പൈസ ചോദിക്കുമ്പോഴാണ് പൈസയുടെ കാര്യം ഓര്‍മ്മവരുന്നത്. എറിഞ്ഞതായി ഓര്‍മ്മവരുന്നുണ്ട്; പക്ഷേ, എവിടെയാണെന്നൊരു പിടിയുമില്ലാ. പേടിച്ച് കരയാന്‍ തുടങ്ങിയപ്പോഴേക്കും സാരമില്ല, പിന്നെ തന്നാല്‍മതി. ഇപ്പൊ സാധനങ്ങളുംകൊണ്ട് വീട്ടിലേക്കു പോയ്ക്കോളാന്‍ പറഞ്ഞു ചെല്ലപ്പന്‍ ചേട്ടന്‍. ഞങ്ങള്‍ കുറേനേരം അന്വേഷിച്ചു വന്നവഴിയിലൊക്കെ. ഫലമുണ്ടായില്ലാ.കിട്ടിയിട്ടും കാര്യമുണ്ടാവൂല്ലാ. അത്ര വലിയ മഴയായിരുന്നു പെയ്തോണ്ടിരുന്നത്. നേരം ഒരുപാടായപ്പോള്‍ തിരച്ചിലൊക്കെനിറുത്തി രണ്ടും കല്പ്പിച്ചു വീട്ടിലേക്കു ചെന്നു. അവിടെയെത്തിയപ്പോള്‍ സഞ്ചി വാങ്ങി താഴെ വച്ചിട്ട് അമ്മ പൊതിരെ തല്ലി. ഞാന്‍ അത്ഭുതപ്പെട്ടുപോയി. അമ്മ അറിഞ്ഞിരിക്കുന്നു പൈസ പോയകാര്യം. ഞങ്ങളുടെ പുറകേ വന്നിരുന്ന (വീട്ടില്‍ പറമ്പുകിളയ്ക്കുന്ന) പപ്പന്‍ കണ്ടിരിക്കുന്നു ഞാന്‍ എറിഞ്ഞ പൈസ. അയാള്‍ അതെടുത്തുകൊണ്ടുവന്ന് അമ്മയ്ക്കു കൊടുത്തേച്ചു എനിക്കു പാരയും വച്ചിട്ടാ വീട്ടിലെക്കു പോയത്. 30 രൂപയുണ്ടായിരുന്നു.
പൈസ കിട്ടിയെങ്കിലും പുറത്തു പെയ്യുന്ന മഴയെക്കാള്‍, കൊള്ളുന്ന അടിയേക്കാള്‍ ശക്തിയായിരുന്നു അമ്മയുടെ ശകാരങ്ങള്‍ക്ക്. നേരം വെളുത്താല്‍ അന്തിയാവോളം കഷ്ടപ്പെടുന്ന അച്ഛനെക്കുറിച്ച് വല്ല ചിന്തയുമുണ്ടോടീ നിനക്കൊക്കെ., ചോദിക്കുമ്പം ചോദിക്കുമ്പം ഇതൊക്കെ എടുത്തങ്ങു തരാന്‍ ഇതെവിടുന്നാ എങ്ങനെയാ ഉണ്ടാവുന്നെ എന്നൊന്നും ഓര്‍ക്കണ്ടാല്ലോ., അഹുമ്മതി അല്ലാണ്ടെന്താ....എന്നുവേണ്ടാ എന്തൊക്കെയാ അന്ന് അമ്മ പറഞ്ഞുകൂട്ടിയത്.. വാസ്തവത്തില്‍ എനിക്ക് അന്നത്തെ അമ്മയെ ഓര്‍ക്കുമ്പോള്‍ ഇന്നും സങ്കടംവരും. നൊമ്പരപ്പിക്കുന്ന സംഭവമായി ഇതു മാത്രമേയുള്ളൂ എന്‍റെ മഴയോര്‍മ്മകളില്‍. അശ്രദ്ധയ്ക്കായിരുന്നു അന്നാ പൊടിപൂരം. പിന്നീട് ഇന്നുവരെ ഒരുസാധനംപോലും എന്റെ കൈയീന്നു മിസ്സ് ആയിട്ടില്ലാ.
പണ്ടത്തെ ഓടുമേഞ്ഞവീട്ടില്‍ അമ്മമ്മയുടെമുറിയില്‍ ചോര്‍ച്ചയുമുണ്ടായിരുന്നു. മഴ ഘനത്തില്‍ പെയ്യാന്‍തുടങ്ങിയാല്‍ അടുക്കളയിലെത്തും അമ്മമ്മ അരിക്കഞ്ചട്ടിയെടുക്കാന്‍. പിച്ചളപ്പാത്രമല്ലേ..., അതില്‍വീഴുന്ന മഴത്തുള്ളിക്ക് ഒരു താളമുണ്ടായിരുന്നു. പുറത്തുപെയ്യുന്നമഴയുടെ ഈണത്തോടൊപ്പം ആ താളവും ഞാന്‍ ആസ്വദിക്കുമായിരുന്നു.
വിവാഹശേഷം പെരുംമഴയത്ത് തീയറ്ററില്‍നിന്ന് ഏട്ടനും ഞാനും ഒരുകുടയില്‍ വീടുവരെ നടന്നുവരാറുള്ളത് ഇന്നും ഓര്‍ക്കാന്‍ ഒരുപാടിഷ്ടമാണ്. പ്രാണനാഥനോടൊപ്പം നനഞ്ഞ മഴയോര്‍മ്മകള്‍ക്ക് മധുരം കൂടുതലാണ്. ആ മഴയോര്‍മ്മകള്‍ വിവരിക്കാന്‍ ആകാശത്തോളം വലിപ്പമുള്ള വെള്ളക്കടലാസ്സും പോരാതെവരും എനിക്ക്.
ഒരു സംഭവം പറയാം. ഈയടുത്തകാലത്ത് ഒരുസായാഹ്നത്തില്‍ മഴ തകര്‍ത്തുകപെയ്യുന്നതുകണ്ടുകൊണ്ട് മഴയെക്കുറിച്ച് വാതോരാതെസംസാരിച്ചുകൊണ്ടിരുന്ന എന്നെ നിര്‍ബന്ധിച്ചു ബൈക്കിലിരുത്തി ഏട്ടന്‍ ഒരുയാത്രകൊണ്ടുപോയി. മഴയില്‍ നനഞ്ഞുകുതിര്‍ന്നു വഴിയോരക്കാഴ്ചകളെ റോഡിന്റെ ഇരുവശവും മാറിമാറി കണ്ടാസ്വദിച്ചുകൊണ്ടുള്ള വെറുമൊരുയാത്ര. നിറുത്താതെപെയ്യുന്നമഴയില്‍ രണ്ടാളും ഒട്ടിയങ്ങനെ നവയുവമിഥുനങ്ങളുടെ പ്രണയാര്‍ദ്രമായ മനസ്സുമായി നനഞ്ഞൊലിച്ചു, കുളിര്‍ന്നു വിറച്ചുള്ള ആ യാത്ര എപ്പോഴും ഓര്‍ക്കാന്‍ വലിയഇഷ്ടമാണ്. എത്രദൂരം സഞ്ചരിച്ചുവോ...ആവോ...?.മഴത്തുള്ളികള്‍ ദേഹത്തുപതിയുമ്പോള്‍ ഉണ്ടായ വേദനയ്ക്കുപോലും ഒരു ചെറുസുഖമായിരുന്നു അന്ന്. .
മഴയുടെ ആക്കംകുറഞ്ഞപ്പോഴാണ് വീട്ടിലേക്കുമടങ്ങിയത്.
മടക്കത്തില്‍ ഏട്ടന്‍റെ ഒരു കൊച്ചുവര്‍ത്തമാനം. വിവാഹത്തിനു മുന്‍പ് ഇങ്ങനെയൊരുയാത്ര ഞാന്‍ കൊതിച്ചിരുന്നു. അതിനാണ് അന്ന് ലോട്ടസ് ബുക്ക്സ്ടാളില്‍ വരാന്‍ പറഞ്ഞത്.. നിന്‍റെകാലിലെ ആ കുരുവിനോട് ഇന്നും എനിക്ക് ഒടുങ്ങാത്ത വൈരാഗ്യമാ.. അവസാനം നിന്‍റെ കാലിലെ കുരുവിനെ കാണാന്‍ ഞാന്‍ അങ്ങോട്ടുവരേണ്ടിവന്നു എന്ന് ഏട്ടന്‍ പറയുമ്പോള്‍ പുറകിലിരുന്ന എന്‍റെമനസ്സില്‍ ഒരു കള്ളച്ചിരി ഊറുന്നുണ്ടായിരുന്നു. ഒപ്പം പാവംഏട്ടന്‍ എന്ന് അറിയാതെ എന്‍റെമനസ്സുംമന്ത്രിച്ചു.
അമ്മയുടെ ഒരു കൊച്ചുനിയന്ത്രണമായിരുന്നു അത് എന്ന് എട്ടനുണ്ടോ അറിയുന്നു...? വരുന്നവഴി ഒരു ചെറിയഹോട്ടലില്‍കയറി കപ്പയും മീനും വാങ്ങിക്കഴിച്ചു. ആ രുചി ഇന്നുവരെ നാവിലിരുന്നുപോയിട്ടില്ലാ...ആ യാത്രയുടെ സുഖം മനസ്സിലിരുന്നും.
ഇപ്പോഴും പുറത്തു മഴ കോരിച്ചൊരിയുകയാണ്. ദേഹത്തില്‍ അനുഭവപ്പെടുന്ന തണുപ്പിനോടോപ്പം നനുത്ത മഴയോര്‍മ്മകള്‍ എന്റെ മനസ്സിന് കുളിരേകുന്നുമുണ്ട്.
സ്നേഹപൂര്‍വ്വം,
ദേവി കെ പിള്ള
Comments
Post a Comment