എൻ്റെ എഴുത്തിന്റെ പിന്നാമ്പുറം


എൻ്റെ എഴുത്തിന്റെ പിന്നാമ്പുറം 
നീലാംബരി എന്ന ഒരു ഗ്രൂപ്പിനുവേണ്ടി എഴുതിയത്.

മുഖപുസ്തകം എന്ന ഈ മാധ്യമം ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ ഏതോ ഒരു കോണിൽ കുറച്ചു സ്വന്തബന്ധങ്ങളുടെയും ചുരുക്കം ചില കൂട്ടുകാരുടെയും മനസ്സിൽ മാത്രമായി ഒതുങ്ങി ഇവിടുന്ന് വിടപറയേണ്ടിവരുമായിരുന്നു എനിക്ക് എന്നത് ഒരു നഗ്നസത്യമായി ഞാൻ ഇടയ്ക്കിടെ സ്മരിക്കാറുണ്ട്.
ഞാൻ സരോജാദേവി. എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ജനിച്ചു. അമ്മയും അച്ഛനും അമ്മമ്മയും 8 കൂടപ്പിറപ്പുകളും അടങ്ങിയ ഒരു വലിയ വീട്ടിൽ ജനിക്കാൻ സാധിച്ചത് എന്റെ ആദ്യത്തെ ഭാഗ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാതെ വളർന്നതിനാൽ പഠിപ്പിന്റെ മാഹാത്മ്യം അത്രകണ്ട് മനസ്സിലാക്കിയിരുന്നില്ല. തോറ്റ വിഷയം എഴുതിയെടുത്ത് ഒരു ഡിഗ്രിയെങ്കിലും കരസ്ഥമാക്കാൻ എന്റെ വല്യാങ്ങള അന്ന് പുറകേ നടന്നിരുന്നു. ഞാൻ സമ്മതിക്കാതിരുന്നപ്പോൾ, ജീവിതത്തിൽ എന്നെങ്കിലും നീ എന്റെ വാക്കുകൾ സ്മരിക്കാതിരിക്കില്ല എന്ന് ചേട്ടൻ അന്ന് പറഞ്ഞത് പിന്നീട് ഞാൻ ഒന്നല്ല ഒരായിരംവട്ടം ഓർത്തു നിരാശപ്പെട്ടിട്ടുണ്ട്. പോയ ബുദ്ധി ആന വലിച്ചാലും പോരില്ല എന്നാണല്ലോ... അതുകൊണ്ട് മനസ്സിനെ ഇനി അതിന്റെ പുറകേ പായാൻ വിട്ടിട്ടു വലിയ കാര്യമൊന്നുമില്ല എന്നു സമാധാനിക്കുന്നു.
ഒരു സ്വപ്നജീവിയായിരുന്ന എനിക്ക് കൂട്ടുകാരുമൊത്ത് സദാസമയവും കളിക്കാൻ ആയിരുന്നു കൂടുതൽ താല്പര്യം. വാനം ഇരുണ്ടാൽ എന്റെ മനസ്സും ഇരുളും അന്നും ഇന്നും ഒരുപോലെ. ഉറങ്ങാൻ അത്രയ്ക്ക് മടിയാണ് എനിക്ക്. വായനയിൽ അന്നും ഇന്നും താല്പര്യം കുറവാണ്. സാർ ക്ലാസെടുക്കുമ്പോൾ അബദ്ധവശാൽ ശ്രദ്ധയിൽ പെട്ടതുകൊണ്ടുള്ള പരീക്ഷയെഴുത്തും ജയിക്കാനുള്ള മാർക്ക് ഒപ്പിക്കലും മാത്രമായിരുന്നു സ്കൂൾപഠിപ്പിന് നൽകിയിരുന്ന പ്രാധാന്യം. സ്കൂൾ ജീവിതത്തിൽ ടീച്ചർമാർക്കു മാത്രമല്ല, ഹെഡ്മാഷിനുവരെ ഞാനൊരു തലവേദനതന്നെ. അത്രയ്ക്കും പാവമായിരുന്നു ഈ പാവം ഞാൻ. ജയിക്കാൻ വേണ്ട മാർക്കിനുള്ളതേ എഴുതാറുണ്ടായിരുന്നുള്ളു. ബാക്കി ചോദ്യങ്ങൾ വായിച്ചുപോലും നോക്കാതെ ട്വൈന് എഴുന്നേറ്റു നിന്ന് വാങ്ങിയിട്ടുള്ള ടീച്ചർമാരുടെ ശകാരങ്ങൾ ഇടയ്ക്കിടെ ഓർമ്മത്താളുകളിൽ കലപില കൂട്ടാറുണ്ട്. ഒരിക്കലും തോൽക്കാറില്ല. തോൽക്കുന്നത് എന്തോ ഒരു നാണക്കേടായിയുന്നു. അതുകൊണ്ടുതന്നെ ആദ്യമായി പ്രീഡിഗ്രിയ്ക്ക് ഇംഗ്ലീഷിൽ 7മാർക്കിന് തോറ്റതോടെ പിന്നെ പഠിക്കാനൊന്നും മെനക്കെടാൻ പോയില്ല. പഠിച്ചാലല്ലേ തോൽക്കൂ. അങ്ങനെ ഇപ്പൊ എന്നെ തോൽപ്പിച്ചു സുഖിക്കണ്ട എന്ന് ദൈവത്തോടൊരുതരം വാശി.. എന്തിനായിരുന്നു ആവോ... ഇന്നും പുരിയാത പുതിരായി മനസ്സിൽ അവശേഷിക്കുന്നു ആ വാശിയുടെ ഹേതു. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ലക്ഷ്യമൊക്കെ എന്റെ മനസ്സിലും ഉണ്ടായിരുന്നു അന്നേ. നിറഞ്ഞ പാരമ്പര്യത്തിന്റെ നിഷ്ക്കര്ഷതയിൽ മുങ്ങിയ ഒരു കുടുംബത്തിൽ ജീവിക്കുന്ന എന്റെ നടക്കാത്ത സ്വപ്നം. അതിമോഹം എന്ന് ഞാൻതന്നെ പേരിട്ടു മനസ്സിൽ സൂക്ഷിച്ച പരമരഹസ്യത്തിന്റെ ചുരുളും ഇവിടെ അഴിക്കുന്നു. പരസ്യത്തിൽ വരുന്ന ഒരു മോഡൽ ആകണം എന്ന് ജീവിതത്തിൽ എനിക്കൊരു വലിയ അഭിലാഷം ഉണ്ടായിരുന്നു.. രഹസ്യമാണ്... ആരോടും പറഞ്ഞേക്കല്ലേ.. മുഖ്യമായും വാനിൽ തെളിഞ്ഞു നില്ക്കുന്ന രണ്ടു നക്ഷത്രങ്ങൾ അറിയരുത്. അച്ഛനോടുള്ള പേടികാരണം അമ്മയോടൊന്നു സൂചിപ്പിക്കുവാൻപോലും ധൈര്യം വന്നില്ല അക്കാലങ്ങളിൽ. ഹിഹി ഹി.... അതിമോഹം എന്ന് നിങ്ങൾക്കും തോന്നുന്നുണ്ടോ...?
കുറുമ്പിന്റെ കലവറയെ കുത്തകയ്‌ക്കെടുത്ത ബാല്യവും കൗമാരവും കടന്നുവന്നതോർക്കുമ്പോൾ, "എടീ വെള്ളപ്പാറ്റേ, അധികം കുറുമ്പെടുത്താൽ നിന്നെ ചുരുട്ടിക്കൂട്ടി കാട്ടിൽ കളയും അച്ഛൻ. പറഞ്ഞേക്കാം " എന്ന അച്ഛന്റെ വാക്കുകൾ കാതിൽ മുഴങ്ങുന്നതുപോലെ തോന്നും. അച്ഛന്റെയും അമ്മയുടെയും തലവേദനയായിരുന്ന എന്നെ വീട്ടിൽ ഇരുത്താൻ അവർക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ടൈപ്പും ഷോർട് ഹാൻഡും പഠിക്കാൻ കൊണ്ടുപോയി ആക്കി. അത് പൂർത്തിയാക്കും മുൻപ് ഒരു പട്ടാളക്കാരൻ വന്ന് വിവാഹം കഴിച്ചുകൊണ്ടുപോയി. അവിടെ അമ്മവീടിനേക്കാൾ സുഖവും സന്തോഷവും ആണ് എന്നെ വരവേറ്റത്.. ഒരു മരുമോളും ഭർതൃവീട്ടിൽ ഇത്രയും സ്നേഹവും സുഖവും അനുഭവിച്ചുകാണില്ല. ഇതാണെന്റെ രണ്ടാമത്തെ ഭാഗ്യം. മൂന്നാമത്തെ ഭാഗ്യമായി
ഞങ്ങളുടെ ദാമ്പത്യവല്ലരിയിൽ പൂത്തത് ഒരു ആൺപൂവും ഒരു പെൺപൂവും. അവരുടെ സംരക്ഷണത്തിൽമാത്രം ശ്രദ്ധചെലുത്തി 23 വര്ഷങ്ങളോളം തികച്ചും വേറൊരു പ്രത്യേകലോകത്തിൽ ജീവിച്ചു. രണ്ടു മക്കളെയും IT എഞ്ചിനീയേഴ്‌സ് ആക്കി, അതേ ഫീൽഡിൽ വർക്ക്‌ ചെയ്യുന്ന മരുമക്കളെയും കണ്ടുപിടിച്ചു അവരുടെ വിവാഹവും നടത്തി. മോൾക്ക്‌ ഒരു വാവയും മോന് രണ്ടു വാവമാരും ജനിച്ചു. എല്ലാം മംഗളം. ദൈവാനുഗ്രഹം. ജന്മസാഫല്യം എന്നൊക്കെ വിശേഷിപ്പിക്കാം. എന്നാൽ, മക്കളുടെ പഠിപ്പുകാലം കഴിഞ്ഞു സർട്ടിഫിക്കേറ്റ് കൈയിൽ കിട്ടുന്നതിനുമുന്നെ രണ്ടു മക്കൾക്കും ജോലിയായി. 2004ൽ മോൾ ആർമി ഓഫീസർ ആയും മോൻ 2005ൽ HCL എന്ന കമ്പനിയിൽ Developer ആയും ജോലികളിൽ പ്രവേശിച്ചതു മുതൽ മനസ്സിൽ ഏകാന്തത അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ചെറിയതായി പഠിച്ച പഠിപ്പിനുള്ള ജോലി അന്നേ ലഭിച്ചിരുന്നു. എപ്പോഴും ഒരു സ്വപ്നലോകത്തു ജീവിച്ചിരുന്ന എന്നോടുള്ള വിശ്വാസത്തിന്റെ ആഴത്തിൽ അച്ഛൻ ആ ജോലിക്കുപോകാൻ എന്നെ അനുവദിച്ചില്ല. വിവാഹശേഷവും സ്‌റ്റെനോഗ്രാഫർ ആയി ഒരു ഉദ്യോഗം എന്നെ തേടിവന്നിരുന്നു.. അതിന് വിടാൻ എന്റെ ഏട്ടനും താല്പര്യമില്ലായിരുന്നു. പുള്ളി പറഞ്ഞു എന്റെ കുട്ടികളെ നന്നായി വളർത്തി അവർക്ക് നല്ലൊരു അമ്മയായി എന്റെ വരുമാനത്തിൽ ഒതുങ്ങി ഇവിടെ കഴിഞ്ഞാൽ മതി എന്ന്.. ഭൂലോകമടിച്ചിയായിരുന്ന ഞാൻ അനുസരണയുള്ള ഭാര്യയായി ജീവിച്ചു. അതുകൊണ്ട് ഏട്ടൻ ജോലിക്ക് പോകുമ്പോൾ വീട്ടിൽ ഞാനും പണിക്കാരിയും മാത്രം. ഒരു 10വർഷം ഏട്ടൻ സ്വന്തമായി നടത്തിപ്പോന്ന ഒരു ഓർഗനൈസേഷൻ മാനേജ് ചെയ്തിരുന്നു. അക്കാലത്താണ് ഓർക്കുട് എന്നോരു കൂട്ടായ്മയുടെ അഡ്രസ് മെയിലിൽ കിട്ടിയത്. (ആരാണ് തന്നത് എന്നു മറന്നുപോയി. ഇന്നും സ്തുതിക്കാറുണ്ട് ആ സുഹൃത്തിനെ. എന്തിന് ഒരു കവിതവരെ എഴുതിപ്പോയി ആ മിത്രത്തെ ഓർത്ത് ) അതിൽ കടന്ന് ഓരോ പോസ്റ്റുകളും ചുമ്മാ വായിച്ച് മനസ്സിൽ തോന്നിയ അഭിപ്രായങ്ങൾ പേടിച്ചു പേടിച്ചു കുറിച്ചു നടന്ന കാലത്താണ് സസ്നേഹം എന്നൊരു കൂട്ടായ്മയിലേക്ക് ക്ഷണം കിട്ടിയത്. അതിലൂടെ ഒത്തിരി കൂട്ടുകാരെ ലഭിച്ചു. അക്കൂട്ടത്തിൽ വേണു ജി, ജോയ് ഗുരുവായൂർ, രാജേഷ്, ഷിനു തുടങ്ങിയ മിത്രങ്ങളെ ലഭിച്ചു. 2000ൽ മക്കൾക്കുവേണ്ടി കമ്പ്യൂട്ടർ വാങ്ങിയതും അതിൽ വല്ലാത്ത താല്പര്യം തോന്നി മക്കളുടെ പാഠങ്ങളിലൂടെ കൗതുകത്തോടെ ആ വിദ്യകൾ ഓരോന്നായി പഠിച്ചെടുക്കാൻ തോന്നിയതും വലിയ ഭാഗ്യമായി കരുതി അന്ന്. പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന കാലങ്ങളിൽ രാവിലെ ഗീതാക്ലാസ്സിൽ പോയിരുന്നു. അന്നുമുതൽ ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ആയ കാര്യങ്ങൾ മനസ്സിൽ തട്ടിയാൽ അതു കുറിച്ചിടുന്ന പതിവ്‌, എന്റെ ജീവിതത്തിൽ ഇത്രയും വലിയ വഴിത്തിരിവായി ഉരുത്തിരിയും എന്ന് ഞാൻ സ്വപ്നത്തിപ്പോലും വിചാരിച്ചിരുന്നില്ല. നാട്ടിൽ നടക്കുന്ന അന്യായങ്ങൾ മനസ്സിൽക്കിടന്നു നുരഞ്ഞു പതയാറുണ്ട് പണ്ടേ.. അതൊക്കെ കടലാസ്സിൽ പകർത്തി ആത്മസംതൃപ്തി വരുത്തുവാനും പടം വരയ്ക്കുവാനും വലിയ താല്പര്യം ഉണ്ടായിരുന്നു ചെറുപ്പം മുതൽക്കേ.

സസ്നേഹത്തിൽ തുടരുന്ന കാലത്താണ് മനസ്സ് എന്നൊരു കൂട്ടായ്മയിൽ ചേരാൻ പ്രേരിതയാവുന്നത്. അവിടെ വേണുജി ഒരു വല്യേട്ടന്റെ വാത്സല്യം നൽകിയിരുന്നു. ജോയ് ഗുരുവായൂർ, ഷിനു, രാജേഷ്, നളിനേച്ചി, രശ്മിസുധീർ തുടങ്ങിയ കുറേ നല്ല കൂട്ടുകാർ കൂടപ്പിറപ്പുകളായി മാറി. അവരുടെ പ്രേരണകൊണ്ടാണ് മനസ്സിൽ തോന്നുന്നത് ധൈര്യമായി എഴുതാൻ തുടക്കമിട്ടത്. അവർക്ക് എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു. അങ്ങനെ എഴുത്തിന്റെ ലോകത്ത് മനസ് കേന്ദ്രീകരിച്ചപ്പോൾ മനസ്സിന്റെ ഏകാന്തതയ്ക്കു തെല്ലൊരാശ്വാസം തോന്നിത്തുടങ്ങി. ആയിടെ മോന് ബാംഗ്ലൂർക്കു ട്രാൻസ്ഫർ വന്നു. മോൾക്ക്‌ ജമ്മുവിലേയ്ക്കും. മക്കളുടെ നിർബന്ധത്തിനു വഴങ്ങി ഞങ്ങളുടെ കമ്പനി close ചെയ്തു അപ്പോഴേയ്ക്കും. എന്റെ ഏകാന്തതയുടെ ആഴം വീണ്ടും അധികമായി. മോൻ ആഴ്ചയുടെ അവസാനം വീട്ടിൽ വരും.. അങ്ങനെ ഒരിക്കൽ വന്നപ്പോൾ എന്റെ പ്രയാസംകണ്ട് ഫേസ്ബുക്കിൽ ഒരു ഐഡി ഉണ്ടാക്കിത്തന്നു.
അക്കാലത്താണ് ഞങ്ങളുടെ 'മനസ്സ്' എന്ന ഗ്രൂപ് close ചെയ്ത് 'കനൽ' എന്ന പേരിൽ ഫേസ്ബുക്കിൽ തുടങ്ങിയത്. ഈ അടുത്തകാലത്ത് എന്റെ ecg യിൽ severe variation വന്നു 3 മാസത്തോളം റെസ്റ്റിൽ കഴിയേണ്ടി വന്നു. അതുവരെ ഞാൻ അതിന്റെ അഡ്മിൻ ആയി പ്രവർത്തിച്ചിരുന്നു. എപ്പോഴോ അടുപ്പമുള്ള കൂട്ടുകാർ ഫേസ്ബുക്കിൽ ഒരുപാടു ഗ്രൂപ്പുകളിൽ എന്നെയും ചേർത്തിരുന്നു. ഗ്രൂപ്പുകളിൽ എഴുതാൻ വിഷയങ്ങൾ കിട്ടിയത് എന്റെ എഴുത്തിനെ പുരോഗമിപ്പിക്കാൻ നല്ല സഹായകമായി. അവർക്കൊക്കെ ഓരോ വലിയ സല്യൂട്ട്. അക്കൂട്ടത്തിൽ കൃഷ്ണകുമാർ എന്ന ഒരു ബന്ധുവഴി അഭിരാമം എന്ന ഒരു ഗ്രൂപ്പിൽ ചേരാൻ ഇടയായി. അതിലെ ശ്രീലകം മാഷ് എന്റെ എഴുത്തുകൾ ശ്രദ്ധിക്കാൻ ഇടയായി. ആ മാഷിന്റെ പ്രോത്സാഹനത്താൽ മാത്രമാണ് രണ്ടു കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ധൈര്യം എനിക്കു കൈവന്നത്. അങ്ങനെ അദ്ദേഹം എന്റെ ഗുരു ആയി... എത്ര സ്തുതിച്ചാലും മതിയാവില്ല അദ്ദേഹത്തെ.. കവിത എന്താണെന്നും എങ്ങനെ ആണ് എഴുതേണ്ടതെന്നും എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഈ ശ്ലോകങ്ങളും കവിതകളും പാഴാക്കിക്കളയാതെ പുസ്തകങ്ങളാക്കി പ്രസിദ്ധീകരിക്കണേ എല്ലാവരും എന്ന് മാഷ് കാവ്യവിനോദങ്ങൾ എന്ന ക്ലാസ്സിൽ എല്ലാവരോടും പറയുമായിരുന്നു. അങ്ങനെയാണ് ദേവി കെ. പിള്ള എന്ന തൂലികാനാമം സ്വീകരിച്ചു് സാഹിത്യലോകത്തു പിച്ചവയ്ക്കാൻ തുനിഞ്ഞത്. മാഷിന് എന്റെ സ്നേഹാദരങ്ങൾ. കൃഷ്ണകുമാറിന് ഒരായിരം നന്ദിയും സ്നേഹവും. കൂടാതെ ബോബിച്ചായൻ (ജോസഫ് ബോബി ) ഒരു സഹോദരനെപ്പോലെ എന്റെ പോസ്റ്റുകളിൽ ഞാൻ വരുത്തുന്ന തെറ്റുകൾ തിരുത്തിത്തരുമായിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണപ്പോസ്റ്റുകൾ പിന്തുടർന്ന് എന്റെ പത്താം ക്ലാസ്മലയാളം കൂടുതൽ പരിപോഷിപ്പിച്ചെടുത്തു. അകമഴിഞ്ഞ നന്ദിയും സ്നേഹവും സ്നേഹവാത്സല്യങ്ങൾ ആവോളം നല്കിയ ഇച്ചായന്‌ അർപ്പിച്ചുകൊണ്ട് ആ ധൈര്യത്തിൽ ഈയിടെ ഒരു കഥാസമാഹാരവുംകൂടി (കനലെരിയും മനസ്സുകൾ ) പ്രസിദ്ധീകരിക്കുകയുണ്ടായി.

പോസ്റ്റുകളിലൂടെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നെങ്കിലും കോ ഓപ്പറേറ്റീവ് ഔട്ട്‌ ലുക്ക് എന്ന ഗ്രൂപ്പിന്റെ സംഗമത്തിൽവച്ചാണ് ജയയെയും വിനോദിനെയും വാസുവേട്ടനെയും ഉഷേച്ചിയെയും ആദ്യമായി കാണുന്നത്. വാസുവേട്ടൻ മൂത്ത കരണവരെപ്പോലെയാണ് എന്റെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. ആ മനസ്സുമുഴുവൻ സ്നേഹത്തിലെ ആത്മാർത്ഥതകൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഞാൻ ഒരുപാടു സ്നേഹവും വാത്സല്യവും അനുഭവിക്കുന്നുണ്ട് ഇപ്പോഴും. വിളിയും സംസാരവും വളരെ വിരളമാണെങ്കിലും
ജയാരമേഷുമായി വല്ലാത്തൊരു ആത്മബന്ധം വളർന്നു അന്ന്.. ആദ്യമായി കാണുമ്പോൾ ജന്മജന്മാന്തര ബന്ധം ഉള്ളതുപോലെ മനസ്സുവിട്ടു തുളുമ്പി സ്നേഹാലിംഗനത്തിൽ അമർന്നു ഞങ്ങൾ. ആ അടുപ്പം ജയ എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ, മക്കൾ അടുത്തില്ലാത്ത വിരസമായ എന്റെ മനസ്സിന് വലിയ ആശ്വാസമേകി. പിന്നെയും പുസ്തകങ്ങൾ ആവശ്യപ്പെട്ടുതന്നെ ധാരാളം കൂട്ടുകാരെ ലഭിച്ചു. നല്ല ആത്മാർത്ഥതയുള്ള ഒരുപാടു പേരുടെ മനസ്സിൽ ഞാൻ ഇടം പിടിച്ചു. ഇപ്പോൾ ഏകാന്തത എന്നെ വേട്ടയാടാറില്ല എന്നതാണ് സത്യം.
ജീവിത സായാഹ്നത്തിൽ ഈ മാധ്യമം ചില്ലറ സന്തോഷമല്ല തരുന്നത്. ഇതില്ലാതിരുന്നെങ്കിൽ മക്കൾ അരികിലില്ലാ എന്ന ഒരേ കാരണത്തിൽ നൊന്തു നുറുങ്ങി വല്ല മാനസികരോഗത്തിനും അടിമയായിപ്പോയേനെ...ഇപ്പോൾ കാനഡയിൽ മോന്റെ കുടുംബത്തോടൊപ്പം സന്തോഷമായി കാനഡയിലെ സ്ഥലങ്ങൾ സന്ദർശിച്ചു കഴിയുന്നു. മോന്റെ രണ്ടു ഉണ്ണികളെ അരികിൽ കാണുവാൻ കിട്ടിയ ഈ അവസരം ആവോളം അനുഭവിക്കുന്നു. ഇവിടുന്ന് ജനുവരിയിൽ മോളുടെ വീട്ടിലേയ്ക്ക് (ബാംഗ്ലൂർ) പോകണം. എല്ലാത്തിനും സർവ്വേശ്വരന് നന്ദി പറഞ്ഞുകൊള്ളുന്നു...ആരെയും ബുദ്ധിമുട്ടിക്കാതെ മനോബലവും ദേഹബലവും നിലനിൽക്കെ ഭഗവദ്പാദങ്ങളിൽ ചേരുവാൻ ഉള്ള ആഗ്രഹസാഫല്യമായ  നാലാമത്തെ ഭാഗ്യം പ്രതീക്ഷിച്ചുകൊണ്ട്  എല്ലാ പ്രിയ കൂട്ടുകാർക്കും എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കുന്നു.. മറ്റൊരു പോസ്റ്റുമായി വീണ്ടും കാണാം എന്ന് കരുതട്ടെ. എല്ലാവർക്കും നന്മകൾമാത്രം നേർന്നുകൊണ്ട്,


സ്നേഹപൂർവ്വം,

ദേവി കെ. പിള്ള.
 .

Comments